വന്നു,കണ്ടു,കീഴടക്കി പോയവര്‍

2012 ഫെബ്രു 18

നന്ദി.....

ഒരിക്കല്‍ ദുബൈയോടു യാത്ര പറയണം..കൂടെ എല്ലാവരോടും നന്ദിയും പറയേണം. എന്നെ ഇവിടെത്തിച്ച എന്‍റെ അച്ഛന്‍റെ പ്രിയ കൂട്ടുകാരനു ആദ്യം നന്ദി പറയേണം.. എന്നെ 41 വെള്ളിക്കാശിനു അറബിക്ക് വിറ്റ അച്ഛനും അമ്മയ്ക്കും വേണം ഒരു നന്ദി... എന്നെ ഇന്റര്‍വ്യൂ നടത്തി ഇവിടെത്തിച്ച കമ്പനി പ്രതിനിധിക്കും ഒരു നന്ദി പറയേണം. .എന്നെ വഹിച്ചിവിടെത്തിച്ച പാവപ്പെട്ടവന്‍റെ വിമാനം എയര്‍ ഇന്ത്യ എകസ്പ്രേസ്സിനും നന്ദി പറയേണം.. എന്നെ AIRPORTല്‍ നിന്നും കൂട്ടാന്‍ വന്ന ത്രിശൂര്‍കാരന്‍ ചേട്ടനും നന്ദി പറയേണം.. അടിപൊളിക്കട(supermarket)എന്നും പറഞ്ഞു സാധനം സൂക്ഷിക്കുന്ന സ്ഥല(ware house)ത്ത് കൊണ്ടിട്ട ആ സിന്ധി മാനേജര്‍ക്കുംനന്ദി പറയേണം.. ഡെലിവറി വണ്ടികളില്‍ മാറിമാറി ഡെലിവറി ചെയ്യാന്‍ സഹായിച്ച കൂടെ ഉണ്ടായിരുന്ന ആ ഡ്രൈവര്‍ ചേട്ടനും നന്ദി പറയേണം.. ഒമാനിലെക്കും,ഹത്തയിലേക്കും പോകുമ്പോള്‍ വിശപ്പ്‌ മാറ്റാന്‍ റൊട്ടി തന്നു സഹായിച്ച ആ പട്ടാണിക്കും നന്ദി പറയേണം.. തിരിച്ചു വീട്ടിലെത്തിയാല്‍ ഭക്ഷണം വെക്കാന്‍ സാധനം കടം തന്നു സഹായിച്ച ആ കടക്കാരന്‍ കുളിക്കാത്ത ബംഗാളിക്കും ഇരിക്കട്ടെ ഒരു നന്ദി.. കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ചെയ്യാന്‍ നെറ്റ്തന്നു സഹായിച്ച ETISALATനും നന്ദി പറയേണം.. ചെറിയ ചിലവില്‍ ഫോണ്‍ വിളിക്കാനായി VOIPCARD തന്നു സഹായിച്ച ആ കമ്പനിക്കുംനന്ദി പറയേണം.. അവധി ദിവസം രാത്രി ,പുറത്തോട്ടു കാറ്റ് കൊള്ളാനായി നടക്കുമ്പോള്‍ YORK INTERNATIONAL HOTELനു മുന്നില്‍ നിന്നും എന്നെ നോക്കി ചിരിച്ച ആ റഷ്യക്കാരി നിശാസുന്ദരിക്കും നന്ദി പറയേണം..(നീയെങ്കിലും എന്നെ നോക്കി ഒന്ന് ചിരിച്ചല്ലോ..) ആ നടപ്പില്‍ എന്‍റെ കൈപിടിച്ചു വലിച്ചു മാറോട് അടുപ്പിക്കാന്‍ ശ്രമിച്ച ചൈനക്കാരിയില്‍ നിന്നും രക്ഷിച്ച എന്‍റെ ഫ്ലാറ്റിന്‍റെ അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന  പഞ്ചാബിക്കുടുംബത്തിനും നന്ദി പറയേണം.. എന്നെ ഈ നിലയിലേക്ക് ജോലിമാറ്റിതന്ന എന്‍റെ പ്രിയ ചങ്ങാതിക്കും നന്ദി പറയേണം. എന്നെ ലോകത്തുള്ള സകല കറിയും വെക്കാന്‍ പഠിപ്പിച്ച സഹ മുറിയന്മാര്‍ക്കും ഇരിക്കട്ടെ ഒരു നന്ദി പറച്ചില്‍.. നാടിന്‍റെ ഓര്‍മ്മകളില്‍ വിങ്ങുമ്പോളും,റോസിന്‍റെ വേര്‍പാടില്‍ ദു:ഖിക്കുമ്പോളും എന്നെ സമാധാനിപ്പിച്ച എന്‍റെ സ്വന്തം നിവിക്കുട്ടിക്കും നന്ദി പറയുക തന്നെ വേണം.. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്‍റെ മുകളില്‍ ചെന്ന് ദുബായിയുടെ,,, അല്ല ഈ ലോകത്തിന്‍റെ കാഴ്ച കാട്ടിത്തന്ന ആ ഹിന്ദിക്കാരന്‍ കൂട്ടുകാരനും നന്ദി പറയേണം.. തലവെക്കാന്‍ ചെന്ന ട്രെയിനിനെ പാളംമാറ്റി ഓടിച്ചു ,,എന്നെ ഓടിച്ചിട്ടടിക്കാന്‍ ശ്രെമിച്ച ആ ഷുര്‍ത്തക്കും നന്ദി പറയേണം..(എന്നിലെ ഓട്ടക്കാരനെകണ്ടെത്തിയതില്‍..) ഉറങ്ങാനായി രണ്ടട്ടിയുള്ള കട്ടില്‍ ഉണ്ടാക്കി തന്ന ആ കട്ടില്‍ കമ്പനിക്കും നന്ദി പറയേണം.. കട്ടിലില്‍ തേങ്ങപറിക്കാന്‍ കയറുന്നവരെപ്പോലെ ആഞ്ഞു കയറി ഉറങ്ങാന്‍ തുടങ്ങും മുന്‍പ്‌ എന്‍റെ പ്രിയ റോസിനെ മിസ്‌കാള്‍ അടിക്കാന്‍ സഹായിച്ച NOKIA PHONEനും നന്ദി പറയേണം.. എന്‍റെ പ്രിയ റോസിന്‍റെ വേര്‍പാടില്‍ ഉറക്കമില്ലാത്ത രാവുകളില്‍ എഴുന്നേറ്റ് നടക്കുമ്പോള്‍,എന്‍റെ ചുണ്ടിന് മുന്നില്‍ പുകഞ്ഞു തീര്‍ന്ന MARLBORO സിഗെരെറ്റുകള്‍ക്കും,ആ കമ്പനിക്കുംനന്ദി പറയേണം... ഉറങ്ങുമ്പോള്‍ എന്‍റെപുതപ്പിന്നുള്ളില്‍ നിന്നും വന്നു എന്‍റെ ROYALBLOOD(രാജരക്തം;)കുടിച്ചു വറ്റിക്കുന്ന മൂട്ടക്കും ഒരു നന്ദി പറയേണം....(നിന്നെ ചുമരില്‍ ഉരച്ച് കൊല്ലുന്നതിനു മുന്‍പ്‌ നിന്‍റെ ശരീരത്തിലൂടെ ഓടിയത് എന്‍റെ ചോര ആയിപ്പോയില്ലേ.)

അഭിപ്രായങ്ങളൊന്നുമില്ല: